സച്ചിദാനന്ദന്റെ മലയാളം കുട്ടികള്‍ക്കെങ്ങനെ വഴങ്ങും ? പി.ഡി.എഫ്
ആമുഖം
സച്ചിദാനന്ദന്റെ "മലയാളം" കവിതയുടെ പത്താം ക്ലാസ്സിലെ കുട്ടികള്‍ക്ക് പഠിക്കുവാനുള്ള ആദ്യ ഭാഗം മാത്രമാണ് ഇവിടെ വിലയിരുത്തുന്നത്. ശേഷം ഭാഗം തീരെ സ്പര്‍ശിക്കുന്നില്ല.
സച്ചിദാനന്ദന്റെ മലയാളം കുട്ടികള്‍ക്കെങ്ങനെ വഴങ്ങും ?
സച്ചിദാനന്ദന്റെ മലയാളം കവിത ഭാഷയുടേയും സംസ്ക്കാരത്തിന്റേയും പ്രതിസന്ധികളെ തീവ്രമായി അനുഭവിപ്പിക്കുന്നു.മാത്രമല്ല വളര്‍ന്നു വരുന്ന ഓരോ കുട്ടിയുടേയും ഉളളില്‍ സജീവമായ ഭാഷാചൈതന്യത്തിന്റെ ആവിഷ്ക്കാരവുമാണ് ഈ കവിതയിലൂടെ നിര്‍മ്മിക്കുന്നത്.
ഈ കവിതയിലെ ഒടുവിലെ വരികളില്‍ പറയുന്ന കരഞ്ഞവളും , പുറപ്പെട്ടവളും , ക്രൂശിക്കപ്പെട്ടവളും , ഉയിര്‍ത്തെഴുന്നേറ്റവളും എല്ലാം മലയാളമാണെന്ന വരികള്‍ ഒരു മുഴക്കം പോലെയാണ് അനുഭവപ്പെടുന്നത്. അത് റോമിന്റെ അടിമത്വത്തില്‍ കഴിഞ്ഞ ഇസ്രാലേലിന്റെ ദൈന്യതയാവാം......ആദിയില്‍ വചനമായി അവതരിച്ച ദൈവത്തിന്റെ വാക്കുകളെ അധികാരത്തിന്റേയും പൗരോഹിത്യത്തിന്റേയും ഭാഷ കീഴടക്കുമ്പോഴുള്ള നിലവിളിയാകാം......പടിഞ്ഞാറന്‍ സംസ്ക്കാരം കീഴടക്കിയ കിഴക്കിന്റെ സമരമാകാം........സംസ്ക്കാരത്തിന്റെ അധിനിവേശങ്ങളില്‍ തകരുന്ന ഏതൊരു മാതൃനാടിന്റേയും മാറ്റൊലികളാകാം.....മാതൃഭാഷകളുടെ മുഴുവന്‍ മുഴക്കമാവാം........
കവിതാശൈലി
ജീവിതവും കവിതയും തമ്മില്‍ വേര്‍പിരിയാതെ ഒന്നിച്ചു നില്‍ക്കുന്ന കാഴ്ച ഈ കവിതയില്‍ എമ്പാടും കാണാം. മലയാളത്തിന്റെ അനുഭവങ്ങള്‍ കുട്ടിക്കാലം മുതല്‍ ഉണ്ടാക്കുന്ന സന്ദര്‍ഭങ്ങളിലുടെയാണ് ഈ കവിത സഞ്ചരിക്കുന്നത്. കുട്ടികള്‍ വളരുന്ന സാഹചര്യത്തില്‍ കൂടിയാണ് കവിത വളരുന്നത്. ഉലുവയുടേയും വെളുത്തുള്ളിയുടേയും തീക്ഷ്ണ സുഗന്ധങ്ങളിലേക്ക് ആനയിച്ചവള്‍...........മാമ്പൂമണത്തില്‍ സ്നാനപ്പെടുത്തിയവള്‍......എന്നീ വരികളില്‍ ഇത് വ്യക്തമാകുന്നു.
ഈ കവിതയില്‍ അവതരിപ്പിക്കുന്ന മലയാളത്തിന് അമ്മയുടെ മുഖച്ഛായയുണ്ട്. ആ അമ്മ ലോകത്തുള്ള ഏതൊരു അമ്മയൂമാകാമെന്ന് കവിതയുടെ അവസാനഭാഗത്തെ ഭാവസൗഷ്ഠവം നല്‍കുന്നുണ്ട്. അമൃതൂട്ടിയ പൊക്കിള്‍കൊടി , ഉലുവയുടേയും വെളുത്തുള്ളിയുടേയും തീക്ഷ്ണ സുഗന്ധങ്ങളിലേക്ക് ആനയിച്ചവള്‍. , ഉണ്ണിയുടലിലെ ഈററുചോര തുടച്ച് മാമ്പൂമണത്തില്‍ സ്നാനപ്പെടുത്തിയവ , പൊന്നും വയമ്പും കൊണ്ട് എന്റെ നാവിന്‍തുമ്പില്‍ ഖനികളുടെ ആഴവും വനങ്ങളുടെ സാന്ദ്രദതയും പകര്‍ന്നവള്‍ എന്നിവയില്‍ അമ്മയുടെ മുഖം തെളിയുന്നു.
കവിതയുടെ രചനാലക്ഷ്യം പൂര്‍ത്തീകരിക്കുന്നതില്‍ സച്ചിദാനന്ദന്‍ സ്വീകരിച്ചിരിക്കുന്ന മാര്‍ഗ്ഗം ശാസ്ത്രീയതയുടെതായി കരുതപ്പെട്ട തികച്ചും പരമ്പരാഗതമായ രീതിയാണ്. കാള്‍പോപ്പര്‍ നിരാകരിക്കുന്ന നിഗമന രീതിയാണത്. മാമ്പൂമണത്തില്‍ സ്നാനപ്പെടുത്തിയവള്‍....വനങ്ങളുടെ സാന്ദതയും പകര്‍ന്നവള്‍....എന്നിങ്ങനെയുള്ള ഭാവപ്രമേയങ്ങള്‍ ധാരാളിത്തോടെ നിര്‍മ്മിച്ചതിനു ശേഷമാണ് മലയാളം
എന്ന അവസാന വാക്കില്‍ സച്ചിദാനന്ദന്‍ കാവ്യത്തിന്റെ അറിവ് നിര്‍മ്മിച്ചത്.....കവിതയുടെ ലക്ഷ്യത്തിനു വേണ്ടി സ്വീകരിക്കുന്ന ഏതൊരു മാര്‍ഗ്ഗവും കാവ്യ യുക്തിക്കു നിരക്കുന്നതായാല്‍ മതിയല്ലോ.
കാഴ്ചകളും ഗന്ധങ്ങളും ശബ്ദങ്ങളും കവിതയില്‍
കാഴ്ചകളേയും ഗന്ധത്തേയും ശബ്ദങ്ങളേയും കവിതയില്‍ വിദദ്ധമായി ഉപയോഗിക്കുന്ന സച്ചിദാനന്ദന്റെ രീതി ഈ കവിതയിലും പ്രകടമാണ്. ഏതാനും ഉദാഹരണങ്ങള്‍ :
ഗന്ധം : മാമ്പൂമണത്തില്‍ സ്നാനപ്പെടുത്തിയവള്‍.
ശബ്ദം : ആലിന്‍ചോട്ടിലെ എണ്ണമറ്റ മേളത്തിരകള്‍
കാഴ്ച : സ്ലെയ്റ്റില്‍ വിടര്‍ന്ന മഴവില്ല് , മണലിന്റെ വെള്ളിക്കൊമ്പില്‍ ഹരിശ്രീയുടെ രാജമല്ലി വിടര്‍ത്തിയവള്‍ , പാമ്പിന്‍മാളങ്ങള്‍ നിറഞ്ഞ കടങ്കഥകളുടെ നൂണുപോകേണ്ട മൈലാഞ്ചിവഴികള്‍.
ഈ കവിതയില്‍ കാണുന്ന അമൂര്‍ത്തമായ പ്രയോഗങ്ങള്‍ കുട്ടികള്‍ക്ക് എങ്ങനെയാണ് അനുഭവപ്പെടുത്തുവാന്‍ സാധിക്കുക ? പഠനപ്രവര്‍ത്തനങ്ങളുടെ കൈത്താങ്ങിലൂടെയെന്ന് മറുപടി പറയാം. അത് ശരിയാണ്. ഈ കവിതയുടെ ഘടനയില്‍ കാണുന്ന ക്രമികമായ വളര്‍ച്ചയിലൂടെ സഞ്ചരിച്ചാല്‍ വളരെ ലളിതമായി ഈ കവിത കുട്ടികള്‍ക്ക് തീവ്രമായി നല്‍കുവാന്‍ സാധിക്കും. ഈ ക്രമമാകട്ടെ കവിതയെ ലളിതമാക്കുന്നതിനുള്ള ഒരു മാര്‍ഗ്ഗം മാത്രമാണ്.
ഈ കവിതയില്‍ കാണുന്ന ക്രമം ഇങ്ങനെയാണ് :
1.വീട്ടിലെ ശൈശവവും ബാല്യവും ------- (ഭൂമിയുടെ പുഴകള്‍ക്കും കനികള്‍ക്കും മുമ്പേ...............................................സ്വപ്നങ്ങളിലേക്കുറത്തിക്കിടത്തിയവള്‍)
2. വീദ്യാലയം ------------ ( വിരലത്തുമ്പില്‍പ്പിടിച്ച്...........................................മയില്‍പ്പീലി)
3. വഴിക്കാഴ്ചകള്‍ ---------- ( എന്റെ ചുണ്ടുകളിലെ ...........................................ഇലഞ്ഞിപ്പഴം )
4. സംഗീതം
5. പഴഞ്ചൊല്ലുകളും കടങ്കഥകളും
6. സന്ധ്യാനാമം
7. രാത്രിലെ കഥകളി
8. നാട്ടിലെ ഉത്സവപ്പറമ്പ് ( ക്ഷീരസാഗരശയനന്റെ നാഭിയില്‍ ............................................. പൊന്തിക്കിടന്ന ചൈതന്യം )
ഈ വരികള്‍ക്കു ശേഷമാണ് , ഇനിയാണ് കവിതയുടെ കവിത്വത്തിന് മുള പൊട്ടുന്നത്. ഈ കവിതയുടെ ശൈലിയെക്കുറിച്ച് ആദ്യമേ സൂചിപ്പിരുന്നു.കവിതയുടെ താക്കോല്‍പ്പഴുത് ഇതാണ് എന്ന് കാണിച്ചു കൊടുക്കുവാന്‍ കഴിയുന്നതല്ല ഈ കവിതയുടെ സമീപനം. പ്രമേയങ്ങളുടെ നിരന്തരമായ സാന്നിധ്യത്തിനൊടുവില്‍ കവിത മുഖ്യമായ ആശയത്തെ നല്‍കുന്നു.കരഞ്ഞവളും ക്രൂശിക്കപ്പെട്ടവളും ഉയിര്‍ത്തെഴുന്നേറ്റവളും ആണ് മലയാളം എന്ന ഒറ്റ തിരിച്ചവറില്‍ നമ്മെ എത്തിക്കുന്നു. മലയാളത്തിന്റെ പ്രതിസന്ധിയും അതിജീവനവും ഇവിടെ നാം അനുഭവിക്കുന്നു.
വാക്ക്യങ്ങളുടെ അര്‍ത്ഥങ്ങള്‍ക്കിടയില്‍ രൂപപ്പെടുന്ന ശൂന്യതയില്ലാത്ത മുഴക്കമാണ് ഈ കവിതയുടെ ജീവന്‍.
വെളിച്ചത്തിന്റെ അപ്പൂപ്പന്‍താടികൊണ്ട് ഉണ്ണിയുടലിലെ ഈറ്റുചോര തുടക്കുക – എന്താണത് ? അതുപോലെ മണലിന്റെ വെള്ളിക്കൊമ്പ് - എന്താണ് ? കുട്ടികള്‍ക്ക് കളിക്കുവാനുള്ള അസംബന്ധകവിതകള്‍ (നാരങ്ങപ്പാല് ചൂണ്ടക്ക് രണ്ട് പോലുള്ള) പോലെയുള്ള പ്രയോഗങ്ങള്‍. ഇത്തരം പ്രയോഗങ്ങള്‍ കവിതയില്‍ അര്‍ത്ഥങ്ങളുടെ മുഴക്കം ഉണ്ടാക്കുന്നു
സച്ചിദാനന്ദന്റെ മലയാളം കുട്ടികള്‍ക്കെങ്ങനെ വഴങ്ങും ? പി.ഡി.എഫ്
ഫിലിപ്പ്.പി.കെ
മലയാളം അധ്യാപകന്‍
ദീപ്തി ഹൈസ്ക്കൂള്‍ തലോര്‍ , തൃശ്ശൂര്‍