വീടില്ലാത്തൊരുവനോട് വീടിനൊരു പേരിടാനും മക്കളില്ലാത്തൊരുവനോട് കുട്ടിക്കൊരു പേരിടാനും ചൊല്ലവേ നീ കൂട്ടുകാരാ രണ്ടുമില്ലാത്തൊരുവന്റെ നെഞ്ചിലെത്തീ കണ്ടുവോ ? (ഈശോപനിഷത്ത് ....എ .അയ്യപ്പന്‍ )
പത്താം ക്ലാസ്സിലെ പ്രബുദ്ധരായ അധ്യാപക സുഹൃത്തുക്കളും കുട്ടികളും കഥാവായനയില്‍ തകഴിയുടെ പട്ടാളക്കാരന്റെ നെഞ്ചിലെ തീ കണ്ടില്ലെങ്കില്‍ നമുക്കൊരു കാര്യം ചെയ്യാം....വലന്തലയില്‍ ലീലാവതി ടീച്ചറിന്റെ സാഹിത്യചരിത്രവും ഇടന്തലയില്‍ കൈരളീധ്വനിയും അണിനിരത്തി സാഹിത്യ സൈദ്ധാന്തികതയുടെ പെന്‍കുമിള മിന്നുന്ന നെറ്റിപ്പട്ടം കെട്ടി എഴുന്നള്ളിക്കാം................
സാഹിത്യചരിത്രത്തിന്റെ പശ്ചാത്തലത്തില്‍ ഒരു ചെറുകഥയെക്കുറിച്ച് പഠിക്കുന്നത് പത്താം ക്ലാസ്സുവരെയുള്ള കുട്ടികള്‍ക്ക് നല്ലതല്ല. അവരിലെ സര്‍ഗ്ഗാത്മകതയെ ഇല്ലാതാക്കുവാന്‍ മാത്രമേ ഈ ദന്തഗോപുര വാസികള്‍ക്ക് സാധിക്കൂ. സാഹിത്യചരിത്രവും സാഹിത്യ സിദ്ധാന്തങ്ങളും സജീവമാക്കാതെ കഥയെ കുട്ടികളുടെ മുമ്പില്‍ സജീവമാക്കി നിര്‍ത്തുന്ന തികച്ചും ശിശുകേന്ദിതമായ രീതിയാണ് അഭികാമ്യം.
തകഴിയുടെ ' പട്ടാളക്കാരന്‍ ' കഥയില്‍ കുട്ടികള്‍ തൊട്ടറിയുന്ന സാധ്യതകള്‍ എന്തെല്ലാമാണെന്ന ഒരു അന്വേഷണമാണ് ഇ ലേഖനം.
ഈ കഥ വായിക്കുമ്പോള്‍ നമ്മോടു സംവദിക്കുന്ന ഏതാനും വിഷയങ്ങള്‍ നോക്കാം :
1. പട്ടാളത്തിലെ ചിട്ടകള്‍
2. അനാഥത്വം
3.ഗ്രാമത്തിലെ നിഷ്കളങ്കമായ സ്നേഹം
ഈ കഥയെ മുന്നോട്ടു നയിക്കുന്നതും കഥയുടെ ഭാവമേഖലകളെ നിയന്ത്രിക്കുന്നതും ഈ മൂന്നു ഘടകങ്ങളാണ്.
കഥയുടെ തുടക്കം മുതല്‍ മരണത്തിന്റെ ഉണങ്ങിക്കരിഞ്ഞ വിവാഹമാല്യമാകുന്നതു വരെയും പട്ടാളക്കാരന്‍ അനാഥനാണ്. വാസ്തവത്തില്‍ ഏതൊരു മനുഷ്യനും അനാഥത്വത്തിന്റെ സ്ഥായിയായ ഈ ഏകാന്തത അനുഭവിക്കുന്നവരാണ്. ഏകാന്തനായിരിക്കയാല്‍
കൂടിയല്ല പിറക്കുന്ന നേരത്തും
കൂടിയല്ല മരിക്കുന്ന നേരത്തും
എന്നത് മനുഷ്യനെ അസ്വസ്ഥനാക്കി. ഈ ഏകാന്തതയില്‍ നിന്നും രക്ഷപ്പെടുവാന്‍ മനുഷ്യന്‍ കണ്ടെത്തിയ മാര്‍ഗ്ഗങ്ങളാണ് കുടുംബം , സമൂഹം , രാജ്യം എന്നിവ. അപ്പോള്‍ സാമൂഹ്യജീവിതത്തിലൂടെ ഏകാന്തതയെ മറികടക്കുകയാണ് ചെയ്യുന്നത്. പട്ടാളക്കാരന്‍ ജന്മം കൊണ്ടുതന്നെ കൊടിയ ഏകാന്തത അനുഭവിക്കുന്നതിനാല്‍ അയാള്‍ക്കും ആഗ്രങ്ങളുണ്ടാകുന്നു. " ഏപ്പോള്‍ വന്നു എന്ന ചോദ്യത്തിനു വേണ്ടി കേരളത്തിലെ നഗരങ്ങളിലെല്ലാം ഓടിനടന്നു " എന്ന് തകഴി പട്ടാളക്കാരന്റെ ആത്മദാഹം അറിയിക്കുന്നുണ്ട്.
പട്ടാളം അയാള്‍ക്കു നല്‍കിയത് ഒരു പേരാണ്. ചില കടമകളും അവകാശങ്ങളുമാണ്. ഒപ്പം ഹിന്ദുസ്ഥാനി ഭാഷയും. വ്യക്തിയെ വണ്ണവും പൊക്കവുമുള്ള കണക്കിന്റെ അളവുകളായി കാണുന്ന പട്ടാളത്തിന്റെ താവളങ്ങളില്‍ അയാള്‍ക്ക് അഭയമാകുന്നത് മൂന്നു നേരവും ലഭിച്ച ആഹാരമാണ്.
ഈ കഥയുടെ രചനാരീതി പരിശോധിക്കാം. അതിനായി തകഴി പട്ടാളക്കാരനെക്കുറിച്ച പറഞ്ഞ ഒരു നിരീക്ഷണം മനസ്സിലാക്കേണ്ടി വരുന്നു.
ഈ കഥയിലെ പ്രധാനിയായ പട്ടാളക്കാരന്‍ ഒരു മാസത്തെ അവധി ലഭിച്ചപ്പോള്‍ സന്തോഷിക്കുന്ന രീതിയെക്കുറിച്ച തകഴി ആവിഷ്ക്കരിക്കുന്നത് ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. അവധി ലഭിച്ചപ്പോള്‍ മറ്റുള്ളവരെപ്പോലെ പട്ടാളക്കാരനും സന്തോഷിച്ചു. പക്ഷേ അയാളുടെ ഉത്സാഹത്തിന്റെ സാരാംശത്തില്‍ ഒരു കുറവുണ്ടായിരുന്നു. അത് ഭാവനയുടേതാണ്............
ഈ ഭാവനാരഹിതനായ പട്ടാളക്കാരനെ ചിത്രീകരിച്ച തകഴി അയാളുടെ അലച്ചിലില്‍ ഭാവനാരാഹിത്യത്തിന്റെ സ്വഭാവം നല്‍കിയിരിക്കുന്നു. അലഞ്ഞു തിരിയുന്ന പട്ടാളക്കാരന്‍ കഥയില്‍ സമൂര്‍ത്തമാകുന്നത് ആരാലും ശ്രദ്ധിക്കപ്പെടാത്ത ഒരു തെരുവു തെണ്ടിയായാണ്. " ആലപ്പുഴ പട്ടണത്തിലെ എല്ലാ റോഡുകളിലും മുക്കുകളിലും ഒരു പട്ടാളക്കാരനെ മൂന്നു നാലു ദിവസമായി കാണുന്നുണ്ട്. " " പറ്റേന്ന് കൊല്ലത്തു ആനന്ദവല്ലീശ്വരം ക്ഷേത്രത്തിനു സമീപം അടച്ചിട്ടിരുന്ന പടിപ്പുരക്കു പുറത്ത് അയാള്‍ നില്‍ക്കുന്നത് കാണായി. " ഇവിടെ പ്രയോഗിച്ച " കാണായി " തികച്ചും അന്യനായ വ്യക്തിയെ കുറിക്കുന്ന കാണിയുടെ വാക്കാണ്. പട്ടാളക്കാരന്റെ വേഷം ധരിച്ചതിനാല്‍ ശ്രദ്ധിക്കപ്പെട്ടതും എന്നാല്‍ ആരും ഇല്ലാത്തവനുമായ ഒരു തെരുവു തെണ്ടി.
പട്ടാളക്കാരന്‍ വഴിയില്‍ സംസാരിക്കുന്ന രണ്ടു സന്ദര്‍ഭങ്ങളും തകഴി അയാളെക്കുറിച്ചു പറഞ്ഞ ഭാവനാശൂന്യത കാണാം. ക്ഷേത്രത്തില്‍ നിന്നും വരുന്ന മാന്യനോട് " ഞാന്‍ രാമനാണ് " എന്നു പറയുമ്പോള്‍ ദൈവവും ഭക്തനും നിസ്സഹായരായിപ്പോകുന്നു. ഹോട്ടലുടമസ്ഥന്‍ പോറ്റിയോട് പറയുന്നതും ഭാവനാശ്യന്യതയാണ് കാണിക്കുന്നത്. ഓരോ ദേശത്തിലേയും മനുഷ്യരുടെ പൊതുവായ പെരുമാറ്റത്തെക്കുറിച്ചുള്ള സാമാന്യബോധത്തിന്റെ അഭാവമാണ് ഇവിടെ കാണുന്നത്.
നാണിയുടെ ഭര്‍ത്താവായപ്പോള്‍ പട്ടാളക്കാരന്‍ കണ്ട സായാഹ്നവും കൊയ്തൊഴിഞ്ഞ പാടവും അയാള്‍ കാണുന്നത് എത്ര മനോഹരമായാണ് ? അവിടെ വീശുന്ന മന്ദമാരുതന്‍ അയാളുടെ മനസ്സിന്റെ സ്വച്ഛതയല്ലെ കാണിക്കുന്നത് ? അയാളോട് കുശലം ചോദിക്കാന്‍ ആളുണ്ടായി....സ്വന്തമായി വീടില്ലാത്തവന് ഒരു വീടുണ്ടായി....
വിടപറയുമ്പോള്‍ അയാള്‍ ഭാര്യയോട് അറിയിച്ച ആഗ്രഹം ആ പട്ടാളക്കാരനിലെ തീവ്രമായ ജീവിതാഭീലാഷമാണ് അറിയിക്കുന്നത്.. ജീവിതം ഹോമിക്കപ്പെടാവുന്ന യുദ്ധമുന്നണിയില്‍ അയാള്‍ തന്റെ ഭാവി കാണുന്നു.... എങ്കിലും അയാളിടെ തീവ്രമായ ജീവിതരതി നെഞ്ചില്‍ തീയായി ആളുന്നു...." നീ കന്യകയായിത്തന്നെയിരിക്ക് " പറയുമ്പോള്‍ ആ പട്ടാളക്കാരന്റെ ജീവിതവാഞ്ച നമ്മെ സങ്കടപ്പെടുത്തുന്നു.
തെണ്ടിയായി വളര്‍ന്ന് ഒരു ആള്‍ക്കൂട്ടം കണ്ടപ്പോള്‍ അതില്‍ കയറിക്കൂടി പട്ടാളത്തില്‍ ചേര്‍ന്ന ; രാമന്‍ എന്ന പേര് തനിക്കെങ്ങനെയുണ്ടായെന്ന് അത്ഭുതപ്പെടുന്ന ആ പട്ടാളക്കാരന്‍ നാണിയെ വിവാഹം ചെയ്ത്ത് നിമിഷ നേരത്തെ സുഖത്തിനു വേണ്ടിയായിരുന്നില്ല.... " പരിചിതമായ ഒരു മന്ദഹാസം " തനിക്കു ലഭിക്കുവാനാണ്. രാജ്യത്തേയം കുടുംബത്തേയും പോറ്റുന്ന ഈ അനാഥന്‍ ഒടുവില്‍ ഉണങ്ങിക്കരിഞ്ഞ ഒരു വിവാഹമാല്യമായപ്പോള്‍ നാണിയോടൊപ്പം നാമും നടുങ്ങിയില്ലേ ? യുദ്ധം ബാക്കിവച്ച ആ പെട്ടി കണ്ടപ്പോള്‍ നമ്മുടെ നെഞ്ചിലും തീയാളിയില്ലെ ?
ഫിലിപ്പ് . പി .കെ
ലേഖനം പ്രിന്റെടുക്കാം