കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
രചനകള്‍ അയയ്ക്കുക entemalaya@gmail.com

ഇംഗ്ലീഷു ഭാഷ എങ്ങനെയാണ് കെനിയയിലെ   ഗികുയു ഭാഷയെ  പരസ്യമായി അവഹേളനം ചെയ്തത് ?ഗൂഗി വാ  തിഒംഗോ  ഇത്  പറഞ്ഞപ്പോള്‍ മലയാളത്തിന്റെ  അവസ്ഥ  നമ്മള്‍ ഓര്‍മ്മിച്ചിരിക്കും സ്വന്തം ഭാഷ  അന്യം നിന്ന് പോകുന്നതു കണ്ടു  നിന്ന  നമ്മുടെ  എഴുത്തുകാരും ഈ  അവസ്ഥയെ അറിയിച്ചിട്ടുണ്ട്.എം .ഗോവിന്ദന്റെ "വാക്കേ ,വാക്കേ ,കൂടെവിടെ" എന്ന കവിത ഇവിടെ പ്രസക്തമാകുന്നു.ഗൂഗി വാ തിഒംഗോയുടെ രചനക്ക് പത്താം ക്ലാസ്സിലെ  പാഠ പുസ്തകക്കമ്മിറ്റി  പേരിട്ടപ്പോള്‍ ഈ കവിതയുടെ പ്രേരണകള്‍ തീര്‍ച്ചയായും ഉണ്ടായിരിക്കണം. ഈ കവിതയുടെ സ്വാധീനത്തെക്കുറിച്ച് പറഞ്ഞത് എന്റെ സ്കൂളില്‍ മലയാളം അധ്യാപകനായ (തൃശൂര്‍ ,തലോര്‍ ദീപ്തി ഹൈസ്ക്കൂളിലെ) ശ്രീ റോയ് മാസ്റ്ററാണ്. സ്വന്തം ഭാഷ അന്യം നിന്ന് പോകുന്നത് കാണുമ്പൊള്‍ ആര്‍ക്കുമുണ്ടാകുന്ന വിഹ്വലതകള്‍ ഗോവിന്ദനിലെ കവിക്ക്‌ അനുഭവപ്പെട്ടത് ഇങ്ങനെയാണ് .ഗോവിന്ദന്റെ കവിത:ഈ കവിത താഴെ കൊടുക്കുന്നു :


വാക്കേ ,വാക്കേ ,കൂടെവിടെ ?
ആരാരുടെയോ തന്ത


മരണപ്പെട്ടാല്‍ , അതു കേട്ടാല്‍,


നിരണത്തിലും നതോന്നതയിലും


നിറഞ്ഞു 'കവിഞ്ഞു' കരയും


കരുവല്ല,കണ്ണീരല്ല


എല്ലും പല്ലുമ്മുള്ള മലയാളവാക്ക്. 
ഇടവപ്പാതിമാഴയില്‍


ഇടനാഴിനടയില്‍


ഇറുകിച്ചടഞ്ഞു  വാഴും


ഇട്ടിവേശി നേതാര്യമ്മക്ക്


രണ്ടുമൂന്നാക്കി മുറുക്കാന്‍


വിണ്ട ചുണ്ട് ചുവപ്പിക്കാന്‍

തമ്പുരാനും നമ്പൂതിരിയും


തന്തപ്പട്ടരുമൊരുമിച്ചു 


ഇടിച്ചു വച്ച പാക്കല്ല


ഇടിത്തീ വെടിക്കും വാക്ക്
ചുടുക്കാപ്പിക്കടയില്‍


ചുമ്മാതിരിക്കും ചുപ്പാമണിയന്


തുടരെഴുതിത്താളില്‍ വിളമ്പാന്‍


മെദുവടയല്ലെടോ  മലയാളവാക്ക്


വാനൊലിയാലയത്തില്‍


വഷളന്‍വെടികള്‍  വെളിയില്‍വിട്ട് 


അകലെയിരിക്കും മാളോരുടെ


ചെറുചെവിയില്‍ച്ചൊറി  വിതറാന്‍


തരപ്പെടുത്തിയ താപ്പല്ല


തപ്പിലും മപ്പിലും വീര്‍പ്പായ്


വിടര്‍ന്നു തുടംവായ്ച്ച മലയാളവാണീ.
മുഖമില്ലാത്ത നടികള്‍ക്ക്


മുലയും മൂടും കുലുക്കാന്‍


ഇളിച്ചിവായന്മാരീണം  കൂട്ടി 


ത്തുളിക്കും മെഴുക്കല്ല 


പാണന്റെ ഉടുക്കിലും


പാടത്തിന്‍ മുടുക്കിലും


പാടിയാടിയ പുന്നാരവാക്ക്.
മനസ്സിലെ യതിസാരത്താല്‍


മന്ത്രിമാരുരതൂറ്റുമ്പോള്‍  


അതും പെറുക്കി,യധിപന്റെ 


'മുഞ്ഞിമൊഴിയും' പിഴിഞ്ഞൊഴിച്ച്


പത്രത്തിലുടച്ചു ചേര്‍ക്കാന്‍


പറ്റും പയറ്റുമണിയല്ല 


പറയന്റെ ചെണ്ടയിലും


ഉറയുന്ന തൊണ്ടയിലും


ഉരംകൊണ്ടുയിര്‍ പെറ്റു


ഊറ്റ മൂട്ടിയ നമ്മുടെ വാക്ക്.


വാക്കേ ,വാക്കേ ,കൂടെവിടെ ?


വളരുന്ന  നാവിന്റെ കൊമ്പത്ത്


വാക്കേ ,വാക്കേ ,കൂടെവിടെ ?


ഒളിതിങ്ങും തൂവലിന്‍ തുഞ്ചത്ത്.

എം .ഗോവിന്ദന്‍ തന്റെ പുന്നാരവാക്ക് തിരയുന്നത് തിരഞ്ഞു പാണന്റെ ഉടുക്കിലെക്കും പാടത്തിന്റെ  മുടുക്കിലെക്കും പറയന്റെ ചെണ്ടയിലെക്കും ഉറയുന്ന തൊണ്ടയിലേക്കും പോകുന്നു.
മാതൃഭാഷയെ തകര്‍ക്കുന്ന അധികാരങ്ങളുടെ ചെയ്തികളും ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അധിനിവേശങ്ങളും ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്ന നമ്മുടെ മനസ്സില്‍ ഇതെല്ലാം മുഴങ്ങുന്നുണ്ട്. ഗുഡ് ക്രീം കുട്ടികളെ വാര്‍ത്തെടുക്കുന്ന ഇംഗ്ലീഷ് മീഡിയങ്ങള്‍ മാതൃഭാഷയെ കഴുത്തില്‍ ചങ്ങലയിട്ടു ഫൈന്‍ വാങ്ങിച്ച് ചുട്ട വെയിലത്ത് മൊട്ടയടിപ്പിച്ചു നിര്‍ത്തിയത് നാം മറക്കില്ല.

നാം ഇത് മറക്കില്ല;കാരണം ആര്‍ക്കും വേദനയുണ്ടാക്കുന്നവ മറക്കുവാന്‍ കഴിയില്ല. പക്ഷെ ഈ അവഹേളനങ്ങള്‍ക്കിടയില്‍ നാം അറിയാത്ത വലിയൊരു തകര്‍ച്ചയുണ്ട്.
നല്‍കുന്ന ഡൊണേഷന് പോലും ഓഹരിയുടമസ്ഥത തരാത്ത ഇംഗ്ലീഷ് മീഡിയങ്ങളിലൂടെ പണം അങ്ങോട്ട്‌  നല്‍കി മലയാളികള്‍ എങ്ങനെയാണ് നല്ല അടിമയാകുന്നത് എന്നത് നമ്മള്‍ ശ്രദ്ധിക്കുന്നില്ല.

പ്രധാനമായ പല കാര്യങ്ങളും നമ്മള്‍ അറിയുന്നില്ല.നമ്മുടെ ഭാഷയിലൂടെ  അടിമത്തത്തിലേക്കു കൂപ്പുകുത്തുന്നത് നമ്മുടെ സംസ്കാരം കൂടിയാണ് ; തുടര്‍ന്ന് കമ്പോളത്തിന്റെ പിടിയില്‍ അമരുന്ന നമ്മുടെ പ്രുകൃതി വിഭവങ്ങളും നമ്മുടെ ജൈവിക സമ്പത്തും.കമ്പോളത്തിന് വേണ്ടിയുള്ള ആധിപത്യത്തിന്റെ ആദ്യ ആക്രമണം ഭാഷയുടെ നേര്‍ക്കായിരിക്കും.കൂട്ടത്തില്‍ ഇതൊന്നു കാണൂ....

വേനലില്‍ തൃശൂരില്‍ നടന്ന മധ്യമേഖലാ   ശാക്തീകരണ പരിശീലനത്തില്‍ അധ്യാപകര്‍ തയ്യാറാക്കിയ ഒരു ഹൃസ്വ ചിത്രം.നമ്മുടെ മലയാളം എന്തിന്റെയെല്ലാം പേരില്‍ മറയ്ക്കപ്പെട്ട് മുഖം മിനുക്കിയാലും തനിമ വിടുമോ?


ഫിലിപ്പ്