കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
രചനകള്‍ അയയ്ക്കുക entemalaya@gmail.com

പഞ്ചനക്ഷത്ര സ്വീറ്റില്‍ സോക്സുകളില്ലാത്ത കവിയുടെ കാല്‍പ്പാദങ്ങള്‍ കണ്ടപ്പോള്‍ ഡോക്ടറായ സുഹൃത്ത് ന്യായമായും ഉപദേശിച്ചത് കവിതക്കു നിമിത്തമായി..................ചേറിലും മണ്ണിലും നടന്നു വിണ്ട തന്റെ കാലടികളുടെ ശക്തിയും ബലവും കവി കണ്ടെത്തുന്നു......ഈ കവിത പഠിക്കുമ്പോള്‍ കവിയുടെ ദര്‍ശനം അതിപ്രധാനമാണ്. സ്വന്തം അനുഭവങ്ങളിലൂടെ കവി ആര്‍ജ്ജിച്ചെടുത്ത വീക്ഷണം ഈ കവിതയുടെ കേന്ദ്രമാണ്. ഇതു ചിന്തിക്കാതെ പ്രശ്നങ്ങള്‍ കണ്ടെത്തുവാന്‍ ശ്രമിച്ചാല്‍ കവിത നമ്മുടെ വായനക്കിടയില്‍പ്പെട്ട് ശ്വാസം മുട്ടി മരിക്കും.......
സുഹൃത്തായ ഡോക്ടര്‍ പറഞ്ഞ ഭിഷ്വഗ്വരധര്‍മ്മം കവിയെ രസിപ്പിക്കുന്നു. കാലടികള്‍ വിണ്ടതായതിനാല്‍ ചെരിപ്പോ ഷൂസോ സോക്സോ ഇല്ലാതെ ഒരിക്കലും നടക്കരുത് എന്നുള്ള ഡോക്ടറുടെ ഉപദേശം കവിയെ തന്റെ അസ്തിത്വത്തെ വെളിപ്പുടുത്തുവാന്‍ നിമിത്തമാക്കി. നഗ്നപാദനായ് നടന്നു നടന്ന് താന്‍ വളര്‍ന്നതിന്റെ ഓര്‍മ്മകള്‍ കവിയെ ആവേശഭരിതനാക്കി. അതോടെ കവിതയില്‍ രണ്ടു കാലങ്ങള്‍ ജനിക്കുകയായി. താരുണ്യത്തിലൂടെയും യൗവനത്തിലൂടെയും കവിയുടെ മനസ്സിലൂടെ കടന്നുപോകുന്ന സംസ്കൃതിയുടെ അതിപുരാതനമായ ആദികാലവും സുഹൃത്തായ ഡോക്ടറിലൂടെ കടന്നു പോകുന്നതും എന്നും നവീനമായി അനുഭവപ്പെടുന്നതുമായ വര്‍ത്തമാനകാലവും.
ഈ കവിതയില്‍ കാണുന്ന സംസ്കൃതിയുടെ ഈ ആദികാലം എല്ലാ മനുഷ്യരുടെയും ഉള്ളില്‍ സ്വപ്നാവസ്ഥയില്‍ നിലനില്‍ക്കുന്നു. പ്രകൃതിയുമൊത്തുള്ള ജീവിതത്തിന്റെ സാഫല്യവും രഞ്ജിപ്പും സഹജീവികളെക്കൂടി ഒപ്പം കൊണ്ടുപോകുന്നതിന് മനുഷ്യരെ പ്രേരിപ്പിക്കുന്നു. ഡോക്ടര്‍ പ്രതിനിധാനം ചെയ്യുന്ന നവീനമായ കാലം ഏതു കാലത്തിലും ഒരേ സ്വഭാവത്തോടെ നിലനിന്നിരുന്നു. അത് പരിഷ്ക്കൃതമാകുന്ന അറിവും ആഢംബരജീവിതവും കൈകോര്‍ത്തുണ്ടാകുന്ന പരിഷ്ക്കാരിയായ മനുഷ്യന്റെ വിശ്വാസങ്ങളെ ഉള്‍ക്കൊള്ളുന്നു.
കവിയെ വളര്‍ത്തിയത് പ്രകൃതിയോടൊത്തുള്ള ജീവിതമാണ്. നഗ്നപാദങ്ങള്‍ തനിക്കു നേടിത്തന്ന സൗഹൃദങ്ങളും ശക്തിയും പ്രകൃതി ശക്തികളെക്കൂടി ഭയമില്ലാതെ നോക്കുവാന്‍ കവിക്കു ശക്തി പകര്‍ന്നു. ഒളിവില്‍ക്കഴിയുന്ന തോഴനെ രക്ഷിക്കുവാന്‍ ഒറ്റക്കു തിരിച്ചപ്പോള്‍ കൊളളിയാന്‍വെട്ടം വെറും തെങ്ങിന്‍ച്ചൂട്ടൊളിയായി മാറി.
കവിയുടെ ദര്‍ശനം പ്രകടമാകുന്നു. മനുഷ്യന്‍ പ്രകൃതിയുടെ ഒരു അംശമാണ്. അവന്‍ പ്രകൃതിയില്‍ നിന്നും വിഭിന്നമായ പ്രപഞ്ചം ഉണ്ടാക്കിയവനാണെങ്കിലും അവന്റെ ശക്തിയും ആരോഗ്യവും പ്രകൃതിയിലുള്ള ജീവിതമാണ്.
എന്നാല്‍ നവീനമായ വര്‍ത്തമാനകാലത്തിന് പ്രകൃതിയോടൊത്തുള്ള ഇഴുകല്‍ കാണുന്നില്ല. മാത്രമല്ല കഴിവതും അകന്നു നിന്നുള്ള ജീവിതമാണ് കാണുന്നത്.
ഈ കവിതാപഠനത്തില്‍ കൊടുക്കാവുന്ന പ്രവര്‍ത്തനങ്ങള്‍ :( കവിതക്കു മുന്നോടിയായുള്ളവ )
1. ചെരിപ്പ് ധരിക്കാതെ ജീവിക്കുന്ന ശ്രദ്ധിക്കപ്പെട്ട എതെങ്കിലും വ്യക്തിയെ കുട്ടികള്‍ കണ്ട് പരിചയപ്പെട്ടിട്ടുണ്ടെങ്കില്‍ അവരെക്കുറിച്ചുള്ള ഒരു ടെലിഫിലിം തയ്യാറാക്കാം.
2. നടന്നേന്‍ എന്ന ക്രിയാപദം ആവര്‍ത്തിച്ചു വരുന്ന വിധത്തില്‍ കവിത രചിക്കാം. 3. ഗ്രൗണ്ടില്‍ ചെരിപ്പില്ലാതെ കളിക്കുന്നതിന്റെ ശക്തിയെക്കുറിച്ച് കുട്ടികളെക്കൊണ്ട് പറയിപ്പിക്കാം.
ഈ കവിതാപഠനത്തില്‍ കൊടുക്കാവുന്ന പ്രവര്‍ത്തനങ്ങള്‍ :( കവിത വായിച്ചതിനു ശേഷം )
1. പി ഭാസ്ക്കരന്റെ ജീവിതത്തിലെ ഒരു ഭാഗം രചിക്കാം. 2. കവിതയുടെ ആസ്വാദനം
3. " കിണറ്റിന്‍ തെളിവെള്ളം ത് ലായ യില്‍ തേവിത്തേവിക്കുളിച്ചു സന്തുഷ്ടനായ് .................. പഴയ കാലത്തിന്റെ പ്രകൃതി സൗഭാഗ്യങ്ങളെക്കുറിച്ച് പ്രായമായവരോട് സംസാരിച്ച് കുറിപ്പെഴുതുക. പ്രിന്റെടുക്കാം...pdf
ഫിലിപ്പ്