കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
രചനകള്‍ അയയ്ക്കുക entemalaya@gmail.com




പ്രപഞ്ചത്തിന്റെ അടിസ്ഥാന ശിലകളാണ് സ്ത്രീയും പുരുഷനും. പരസ്പര പൂരകങ്ങളായി വര്‍ത്തിക്കേണ്ടവര്‍. ശിവശക്തികള്‍ പോലെ സമന്വയിച്ച് നില്‍ക്കേണ്ടവര്‍. ഇതില്‍ ഒന്ന് മറ്റൊന്നിനു മേല്‍ ആധിപത്യം ചെലുത്തുന്നത് തകര്‍ച്ചയ്ക്കിടയാക്കും ; കുടുംബത്തിലായാലും സമൂഹത്തിലായാലും.. പക്ഷേ പുരുഷകേന്ദ്രിതമായ ഒരു വ്യവസ്ഥയില്‍ സ്വത്വം നഷ്ടപ്പെട്ട് , വിധേയപ്പെട്ട് , മര്‍ദ്ദനങ്ങള്‍ക്കും പീഡനങ്ങള്‍ക്കും ഇരയായി സ്വയം നഷ്ടപ്പെട്ട് ഇല്ലാതാകുന്ന സ്ത്രീ സമൂഹത്തെയാണ് ലോകത്തെല്ലായിടത്തും കാണാനാകുന്നത്.




നിത്യജീവിതത്തില്‍ സ്ത്രീ കടന്നുപോകുന്ന വഴികളിലെല്ലാം പുരുഷാധിപത്യ മനോഭാവം നിലനില്‍ക്കുന്നത് കാണാം. പുരുഷ കേന്ദ്രിതമായ ഒരു മനോഘടന സമൂഹത്തില്‍ നിലകൊള്ളന്നതിനും , സ്ത്രീ എന്നാല്‍ ഇങ്ങനെയൊക്കെയാണ് , ഇങ്ങനെ മാത്രമേ ആകാവൂ എന്ന ചില കാഴ്ചപ്പാടുകള്‍ രൂപീകരിക്കുന്നതിനും ഇത് കാരണമാകുന്നു. സമൂഹത്തിലെ പല മണ്ഡലങ്ങളില്‍ നിന്നും സ്ത്രീ അകറ്റി നിര്‍ത്തപ്പെടുന്നു. ഇത്തരം ചില അവസ്ഥകള്‍ പരിശോധിക്കാനുള്ള ശ്രമമാണ് ഇവിടെ നടത്തുന്നത്. സ്ത്രീക്കും പുരുഷനും വെവ്വേറെ നീതികളാണിവിടെ. കുടുംബത്തിലും തൊഴിലിടങ്ങളിലും ആചാരാനുഷ്ഠാനങ്ങളിലുമെല്ലാം ഈ നീതികേട് കാണാം.



കുടുംബത്തില്‍ പുരുഷനാണ് കേന്ദ്രം. സ്ത്രീ ഭര്‍ത്താവിന്റേയും കുഞ്ഞുങ്ങളുടേയും ശ്രേയസ്സിനു വേണ്ടി പ്രവര്‍ത്തിക്കുന്നവള്‍ മാത്രം. ത്യാഗത്തിന്റേയും സഹനത്തിന്റേയും വഴികള്‍ അവള്‍ക്കു സ്വന്തം എന്നതായിരിക്കാം ഇതിനു കാരണം. ഒരു പക്ഷേ സ്ത്രീക്കു മാത്രമേ ഇതിനു സാധിക്കൂ എന്നും വരാം. എങ്കിലും സമൂഹത്തിന്റെ അടിസ്ഥാന ഘടകമായ കുടുംബത്തില്‍ സഹജീവനത്തിന്റെ പരസ്പരാശ്രയത്വം പലപ്പോഴും കാണാനാവുന്നില്ല. പകരം സമൂഹത്തിലെ മാന്യതയുടേയും കപടാഭിമാനത്തിന്റേയും പിറകില്‍ വീര്‍പ്പുമുട്ടലനുഭവിച്ച് നിശ്ശബ്ദയായി മാറുന്ന സ്ത്രീകളെയാണ് കണ്ടെത്തുന്നത്.



സ്ത്രീപുരുഷന്മാര്‍ക്കിടയിലെ ഈ വേര്‍തിരിവ് ആചാരാനുഷ്ഠാനങ്ങളിലും കാണാം. വരേണ്യവര്‍ഗ്ഗക്കാര്‍ , അവര്‍ക്കിടയിലെ ദളിത് ആയാണ് സ്ത്രീയെ കണ്ടിരുന്നത്. സ്ത്രീത്വത്തെ ആദര്‍ശവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി കുളിച്ച് തൊഴലും വ്രതങ്ങളുമെല്ലാം അവളുടെ ദിനചര്യയുടെ ഭാഗമാക്കിയപ്പോഴും , ക്ഷേത്രങ്ങളിലെ സ്വത്ത് സംബന്ധിക്കുന്ന അധികാര മേഖലകളില്‍ നിന്നും ; പൂജാദി കര്‍മ്മങ്ങളില്‍ നിന്നും അവള്‍ ഒഴിവാക്കപ്പെടുന്നുണ്ട്.



ശ്രേഷ്ഠനായ ആണ്‍കുഞ്ഞിന് ജന്മം നല്‍കാനാണ് സ്ത്രീകള്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്നും ആണ്‍കുഞ്ഞിന് ജന്മം നല്‍കുമ്പോഴാണ് മാതൃത്വം പൂര്‍ണ്ണമാകുന്നതും അച്ഛന് അമരത്വം ലഭിക്കുന്നതും എന്നും ഉള്ള ചിന്തകള്‍ മനുവിന്റെ കാലത്ത് മാത്രമല്ല ഇക്കാലത്തും നിലനില്‍ക്കുന്നുണ്ട്. തന്മൂലം ഭ്രൂണാവസ്ഥയില്‍ത്തന്നെ വിവേചനത്തിന്റെ മൂള്ളുകള്‍ പെണ്‍കുഞ്ഞുങ്ങളെ കൊല്ലുന്നു. കുഞ്ഞ് പിറന്ന് നാമകരണം അടക്കമുള്ള ചടങ്ങുകളിലും കാണാം ഈ വിവേചനം. പല സമുദായങ്ങളിലും നാമകരണം നടത്തുന്നതിള്ള അവകാശം പുരുഷന്മാര്‍ക്കു മാത്രമാണ്. തമിഴ് ബ്രാഹ്മണര്‍ക്കിടയില്‍ ആണ്‍കുഞ്ഞിന്റെ പേരിടല്‍ കര്‍മ്മം നടത്തുന്നത് ഹോമകുണ്ഡത്തിന് മുന്നില്‍ വച്ചാണെങ്കില്‍ പെണ്‍കുഞ്ഞിന്റേത് നിലവിളക്കിന്റെ മുമ്പിലാണ്. മന്ത്രോച്ചാരണത്തിന്റെ അകമ്പടി കൂടുതല്‍ ആണ്‍കുഞ്ഞുങ്ങള്‍ക്കാണ്. ആണ്‍കുട്ടി വേദത്തിന്റെ അധികാരി ആണെന്നുള്ള കാഴ്ചപ്പാടാണത്രെ ഇതിനു കാരണം. അതുപോലെ നാമകരണത്തിന് ആണ്‍കുഞ്ഞിനെ മുറത്തില്‍ കിടത്തി കൈമാറുമ്പോള്‍ പെണ്‍കുഞ്ഞിനെ വെറും നിലത്താണ് കിടത്തുന്നത്. "ക്ഷമയാ ധരിത്രി" (ഭൂമിയോളം ക്ഷമിക്കേണ്ടവള്‍) എന്ന സങ്കല്‍പ്പമാണത്രേ ഇതിനു പിന്നില്‍ . അതുപോലെ എല്ലാ ബ്രാഹ്മണ സമുദായത്തിലും ഉപനയനം പോലുള്ള ചടങ്ങുകള്‍ ആണ്‍കുട്ടികള്‍ക്കു മാത്രമാണ്.



സ്ത്രീകള്‍ മാറ്റിനിര്‍ത്തപ്പെടുന്ന മേഖലകള്‍ ഇനിയുമുണ്ട്. മരണാനന്തരകര്‍മ്മങ്ങള്‍ ചെയ്യാന്‍ ലോകത്തൊരിടത്തും സ്ത്രീയെ അനുവദിച്ചിരുന്നില്ല. സ്ത്രീകളുടെ മനസ്സിന്റെ ശക്തികുറവാണ് ഇതിന് കാരണമായി പറയുന്നതെങ്കിലും അധികാരത്തിന്റെ പിന്തുടര്‍ച്ചാവകാശം സ്ഥാപിക്കുന്നതിന്റെ ഭാഗമാണിതെന്നും കരുതാം.



ചരിത്രം പരിശോധിച്ചാല്‍ ആര്യന്മാരുടെ വരവോടുകൂടിയാണ് സ്ത്രീ ഇങ്ങനെ പാര്‍ശ്വവല്‍ക്കരിക്കുപ്പെട്ട് തുടങ്ങിയതെന്നു കാണാം. ദ്രാവിഡര്‍ക്കിടയില്‍ സ്ത്രീക്ക് താരതമ്യേന ബഹുമാന്യസ്ഥാനം ലഭിച്ചിരുന്നു. കൊറ്റവെ പോലുള്ള അമ്മ ദൈവങ്ങള്‍ക്കായിരുന്നു ശക്തി. ആ ശക്തി അവിടത്തെ സ്ത്രീകളിലും ഉണ്ടായിരുന്നു. ബഹു ഭര്‍ത്തൃത്വം പോലും നിലനിന്നിരുന്നതായി കാണാം. ആര്യവല്‍ക്കരണം ഇതില്‍ വലിയ മാറ്റങ്ങള്‍ വരുത്തി.



" പിതാ രക്ഷതി കൗമാരേ

ഭര്‍ത്തോരക്ഷതി യൗവ്വനേ

പുത്രോ രക്ഷതി വാര്‍ദ്ധക്യേ

ന : സ്ത്രീ സ്വാതന്ത്ര്യമര്‍ഹതേ "




എന്ന് മനുസ്മൃതി പറയുന്നു.പിതൃദായക്രമത്തിന്റേയും സ്വകാര്യസ്വത്തിന്റേയും ആവിര്‍ഭാവത്തോടെ പിതൃപരമ്പരയുടെ ശുദ്ധിയും , സ്വത്തിന്റെ അവകാശവും ഉറപ്പിക്കുന്നതിന് വേണ്ടി സ്ത്രൈണ ലൈംഗികതയെ നിയന്ത്രിയ്ക്കേണ്ടി വന്നു എന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.സമൂഹത്തിലെ സാന്മാര്‍ഗ്ഗിക നില മെച്ചപ്പെടുത്താനായെങ്കിലും സ്ത്രീകള്‍ക്ക് മാത്രമേ ഇത് ബാധകമാക്കിയുള്ളു. ഈ കാലത്ത് മാതൃത്വം ആദര്‍ശവല്‍ക്കരണത്തിനും ഉദാത്തവത്ക്കരണത്തിനും വിധേയമായി . പെണ്‍കുഞ്ഞ് പ്രായപൂര്‍ത്തിയാകുന്നതു മുതല്‍ അനുഷ്ഠാനങ്ങളുടെ നിര തന്നെ അനുശാസിക്കപ്പെട്ടു. ഗര്‍ഭ സംബന്ധമായും അനുഷ്ഠാനങ്ങള്‍ ആവിഷ്ക്കരിക്കപ്പെട്ടു. ഇതെല്ലാം ആണ്‍കുട്ടികളുടെ സുരക്ഷിതമായ പിറവി ഉറപ്പാക്കുന്നതിനായിരുന്നു.



സ്ത്രീകള്‍ക്ക് ഉല്‍പ്പാദന വിഭവങ്ങളുടെ മേലുള്ള അധികാരം നിയന്ത്രിക്കപ്പെട്ടപ്പോള്‍ അതിലുടെ കൈവരുന്ന സമ്പത്തിന്റെ മേല്‍ക്കോയ്മ പുരുഷനിലായി. സ്ത്രീകളെ നിയന്ത്രിക്കാനുള്ള അധികാരത്തിലൂടെ നിയമപരമായ മേല്‍ക്കോയ്മയും അവര്‍ നേടി.അങ്ങനെ സ്ത്രീകളെ അവര്‍ തങ്ങളുടെ താഴെ നിര്‍ത്തി. പ്രത്യുല്‍പ്പാദനവും ഗാര്‍ഹികജോലിയുമായി സ്ത്രീകള്‍ വീട്ടില്‍ ഒതുങ്ങിക്കൂടി. അതാകട്ടെ ഒരിക്കലും തൊഴിലായി കണക്കായിരുന്നില്ല. സ്ത്രീകള്‍ ഗാര്‍ഹിക അനുഷ്ഠാനങ്ങളുടെ ഭാഗമായിരുന്നുവെങ്കിലും പ്രാധാന്യമുളള പലതില്‍ നിന്നും അവര്‍ ഒഴിവാക്കപ്പെട്ടു. ഭര്‍ത്താവിന്റേയോ മക്കളുടേയോ സഹോദരന്മാരുടേയോ ശ്രേയസ്സിനു വേണ്ടിയുള്ള ഉപവാസം മാത്രമാണ് സ്വന്തം നിലയില്‍ അനുഷ്ഠിക്കാന്‍ സ്വാതന്ത്ര്യമുണ്ടായിരുന്നത്.



പുരുഷാധിപത്യ ഘടന സ്ത്രീകള്‍ക്കുമേല്‍ അടിച്ചേല്‍പ്പിച്ച നിയന്ത്രണങ്ങള്‍ക്ക് ആധാരമായിത്തീര്‍ന്നത് സ്ത്രീകളുടെ മൊത്തത്തിലുള്ള കീഴായ്മ തന്നെയായിരുന്നുവെന്ന് പ്രശസ്ത ചരിത്ര പണ്ഢിത ഉമാ ചക്രവര്‍ത്തി അഭിപ്രായപ്പെടുന്നു. പാതിവ്രത്യത്തിന്റെ മറവില്‍ എല്ലാ കീഴായ്മയും മറക്കപ്പെട്ടു എന്നവര്‍ വിലയിരുത്തുന്നു. എന്തായാലും സ്ത്രീകള്‍ ഈ വ്യവസ്ഥയെ അംഗീകരിക്കുകയും അത് വൈശിഷ്ഠ്യത്തിന്റെ അടയാളമായി ഉള്‍ക്കൊള്ളുകയും പ്രതികരണശേഷി നഷ്ടപ്പെടുത്തുകയും ചെയ്തപ്പോള്‍ ആത്യന്തികമായി അവള്‍ക്ക് മേല്‍ സാമൂഹ്യനിയന്ത്രണങ്ങള്‍ വന്ന് ചേരുകയുമായിരുന്നു.



ഉയര്‍ന്ന വര്‍ഗ്ഗക്കാരുടെ ഇടയില്‍ നിന്ന് വ്യത്യസ്തമായ രീതിയിലുള്ള പ്രശ്നങ്ങളാണ് ദളിത് വിഭാഗത്തിലെ സ്ത്രീകള്‍ നേരിട്ടിരുന്നത്. ദളിത് ജാതികള്‍ക്കത്ത് സ്ത്രീകളെ അടിച്ചമര്‍ത്തുന്നതിന്റെ തോത് വളരെ കുറവായിരുന്നെന്ന് ദളിത് ചിന്തകര്‍ അഭിപ്രായപ്പെടുന്നുണ്ട്. അവിടെ സ്ത്രീകളുടെ മേല്‍ പാതിവ്രത്യത്തിന്റെ ഭാരമില്ല എന്നതാണ് ഇതിന് കാരണമായി പറയുന്നത്. അവരുടെ അസ്ത്വിത്വത്തിന്റെ കേന്ദ്രതത്ത്വമായി പ്രവര്‍ത്തിച്ചിരുന്നത് കായികാധ്വാനമാണ്. സ്ത്രീയും പുരുഷനും അത് തുല്യമായി പങ്കിട്ടുരുന്നു. സ്ത്രീകള്‍ പീഢയനുഭവിച്ചിരുന്നത് കൂടുതലും ഉയര്‍ന്ന വര്‍ഗ്ഗക്കാരില്‍ നിന്നായിരുന്നു.കുടുംബത്തില്‍ പ്രശ്നങ്ങള്‍ ഇല്ലായിരുന്നുവെന്നല്ല , പലപ്പോഴും കുടുംബപ്രശ്നങ്ങളില്‍ സ്ത്രീ ഇടപെടുകയും പ്രതികരിക്കുന്നതായും കാണാം.



ഭൂമിയുമായി മല്ലിട്ട് ജീവിക്കുന്നവരും , പാതിവ്രത്യത്തിന്റേയോ , ആദര്‍ശത്തിന്റേയോ മഹനീയ മാതൃകകളായി ആരോപിക്കപ്പെടാത്തവരുമായതുകൊണ്ടാകാം ഇന്നും അടിസ്ഥാന വര്‍ഗ്ഗത്തില്‍പ്പെടുന്നവരെന്നു കരുതുന്നവരാണ് സമൂഹത്തില്‍ പ്രതികരണശേഷിയോടെ നിലകൊള്ളുന്നത്. അവരുടെ കരുത്തും പ്രവര്‍ത്തനരീതികളും അംഗീകരിക്കേണ്ടതു തന്നെ. നമ്മുടെ നാട്ടിലെ കുടുംബശ്രീകള്‍ പോലുള്ള പദ്ധതികള്‍ വിജയിച്ചത് അതുകൊണ്ടു തന്നെയാണ്. പലയിടത്തും മഹനീയമായ പ്രവര്‍ത്തന മാതൃകകള്‍ കാഴ്ചവക്കാന്‍ അവര്‍ക്കു സാധിച്ചിട്ടുണ്ട്.



സ്ത്രീകള്‍ നേരിടുന്ന മറ്റൊരു പ്രധാന പ്രശ്നം വൈധവ്യമാണ്. സതി പോലുള്ള ഹീന ആചാരങ്ങള്‍ നിലനിന്നിരുന്നുവെന്ന് ഓര്‍ക്കുന്നത് തന്നെ ലജ്ജാകരമാണ്. വൈധവ്യമെന്നത് ഈ കാലം വരെയും സാമൂഹികമായ മരണം തന്നെയായിരുന്നു. ഭര്‍ത്താവില്ലാത്തവള്‍ക്ക് യാതൊരു സാമൂഹിക അസ്തിത്വവുമില്ല , അവളുടെ അസ്തിത്വം ഭര്‍ത്താവിനെ ആശ്രയിച്ച് മാത്രം നിലനില്‍ക്കുന്നതുമാണ്. ഈ അവസ്ഥയില്‍ നിന്നും നാം ഏറെ മുന്നോട്ട് പോയിട്ടുണ്ടെങ്കിലും പുരുഷമേല്‍ക്കോയ്മയുടെ ചരടുകളാല്‍ നിയന്ത്രിക്കപ്പെട്ടതാണ് ഇന്നും സ്ത്രീ ജീവിതം.



കൗമാരത്തിലേക്ക് കടക്കുന്നതോടെ നാം പെണ്‍കുട്ടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിത്തുടങ്ങും. നാം വളര്‍ന്നു വരുന്ന സമൂഹം നമ്മെ അതിനു പ്രേരിപ്പിക്കുന്നു. ആണ്‍കുട്ടികള്‍ക്ക് തുറന്ന സ്ലതന്ത്ര ഇടങ്ങള്‍ ലഭിക്കുമ്പോള്‍ പെണ്‍കുട്ടികളുടെ ഇടങ്ങള്‍ ചെറുതാണ്. നിയന്ത്രണങ്ങള്‍ പൊട്ടിച്ച് അവള്‍ കടന്നാലോ പലപ്പോഴും അപകടത്തിലേക്കായിരിക്കും ചെന്ന് ചാടുക. പെണ്‍കുട്ടികള്‍ ഒരുമിച്ചൊന്ന് ഉറക്കെ ആര്‍പ്പുവിളിച്ചാല്‍ അത് ഉടനടി നിയന്ത്രിക്കപ്പെടുന്നു.സ്ത്രീകള്‍ക്ക് പ്രാധാന്യമുള്ള ഉത്സവങ്ങളും , വിനോദങ്ങളുമെല്ലാം ഉണ്ടെങ്കിലും അതെല്ലാം അകത്തളങ്ങളില്‍ ഒതുങ്ങുന്നവയായിരുന്നു. ഉത്സങ്ങളും ആഘോഷങ്ങളും അവള്‍ക്കു വെച്ചു വിളമ്പലിന്റെ ആഘോഷങ്ങളാണ്.പുറം കാഴ്ചകളില്‍ അഭിരമിക്കാനുള്ള സ്വാതന്ത്ര്യം പുരുഷനാണ്. കുളിച്ച് തൊഴുത് അമ്പലത്തില്‍ പോകുന്ന സ്ത്രീക്ക് അമ്പലക്കമ്മിറ്റിയില്‍ ഇടമില്ല. കുര്‍ബാനക്ക് ഭക്തിപൂര്‍വ്വം പങ്കെടുക്കുന്ന അമ്മമാര്‍ക്ക് പെരുന്നാള്‍ കമ്മിറ്റിയില്‍ സ്ഥാനമില്ല.വീട്ടില്‍ ബന്ധുക്കള്‍ വരുന്നവര്‍ അകത്തെ അമ്മയെ വിശ്വിസിച്ചാണല്ലോ. പിന്നെ പള്ളിക്കകം തൂത്തു വൃത്തിയാക്കുക, കഴുകുക എന്നീ മഹനീയ പുണ്യ പ്രവര്‍ത്തികള്‍ അവള്‍ ചെയ്യുന്നു. പണം , പദവി .പൊതുവേദി എന്നിവയിലൊന്നും സ്ത്രീ വേണ്ട തന്നെ.സ്തീക്ക് പലപ്പോഴും വികാരപ്രകടന സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെടുന്നു. ഒന്നുറക്കെ ചിരിക്കാനുള്ള അവകാശം പോലുമില്ല. - മുന്‍കെട്ടില്‍ നടക്കുന്നത് മൂന്നാം കെട്ടിലുള്ളവര്‍ അറിയേണ്ടതില്ല - എന്നാണല്ലോ.



പുരുഷനേക്കാള്‍ വൈകാരിക നിയന്ത്രണത്തോടെ സമാധാന അന്തരീക്ഷം ജീവിതത്തില്‍ നിലനിര്‍ത്താന്‍ സാധിക്കുന്നത് സ്ത്രീക്കാണ്. ശാരീരിക അധ്വാനം സ്ത്രീയേക്കാള്‍ സാധ്യമാകുന്നത് പുരുഷനുമാണ്. സ്ത്രീയുടെ കുറവുകള്‍ പുരുഷന്റെ ശക്തിയും പുരുഷന്റെ കുറവുകള്‍ സ്ത്രീയുടെ ശക്തിയുമാണ്. ഈയര്‍ത്ഥത്തിലാണ് പരസ്പരാശ്രയത്വത്തിന്റെ പ്രസക്തി. കൊടുങ്ങല്ലൂരിന്റെ സമാധാനം അമ്മമാരുടെ നിരന്തര പരിശ്രമമാണല്ലോ. സ്ത്രീപുരുഷന്മാര്‍ പരസ്പരപൂരകങ്ങളായി നില്‍ക്കേണ്ടതാണ്. ഈ സന്ദേശമാണ് നാം കുട്ടികളിലേക്ക് എത്തിക്കേണ്ടത്.



സഹാനുവര്‍ത്തിത്വത്തിന്റെ ഈ പാഠം കുട്ടികളില്‍ വളര്‍ത്തിയെടുക്കണം. പെണ്‍കുട്ടികളുടെ കാര്യത്തില്‍ നാം അധ്യാപകര്‍ കുറെക്കൂടി ശ്രദ്ധ ചെലുത്തണമെന്ന് എനിക്കു തോന്നുന്നു. മാന്യതയുടെ കപട മൂടുപടമണിഞ്ഞ് പ്രതികരണ ശേഷി നഷ്ടപ്പെട്ട അവസ്ഥയില്‍ നിന്നും അവളെ ഉയര്‍ത്തിക്കൊണ്ടുവരണം.



മാന്യത എന്നത് കേവലം ആപേക്ഷികമാണെന്നും സന്ദര്‍ഭാനുസരണമുള്ള ബൗദ്ധിക പ്രവൃത്തികളാണ് സ്ത്രീയെ മുന്നോട്ടു നയിക്കേണ്ടതെന്നുമുള്ള അവബോധം അവളില്‍ ഊട്ടി ഉറപ്പിക്കണം , ശാരീരികമായോ മാനസികമായോ ചൂഷണത്തിനായി വഴങ്ങാതെ തന്റേടത്തോടെ സ്ത്രൈണഭാവം സൂക്ഷിക്കാന്‍...............





പെണ്ണെത്താ ഇടങ്ങള്‍ പി.ഡി.എഫ്.





പ്രസീത

മലയാളം അധ്യാപിക

ഗവണ്‍മെന്റ് :ഹൈസ്ക്കൂള്‍ .അഞ്ചേരി,തൃശ്ശൂര്‍.