കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
രചനകള്‍ അയയ്ക്കുക entemalaya@gmail.com

സ്ത്രീമനസ്സിന്റെ ആഴങ്ങളില്‍ മനുഷ്യാനുഭവങ്ങള്‍ കണ്ടെത്തിയ മാധവിക്കുട്ടിയുടെ മനോഹരമായൊരു കഥയാണ്‌ 'കടലിന്റെ വക്കത്തൊരു വീട് '.മദ്യപനായ അറുമുഖനും ഭാര്യയും തെരുവ് ഗായകനായ യുവാവും മാത്രമാണ് ഈ കഥയിലെ കഥാപാത്രങ്ങള്‍. ജോലി നഷ്ടപ്പെട്ട് വീടും വീട്ടു സാമഗ്രികളും പൈസയുമില്ലാതെ എസ്സോപാര്‍ക്കിന്റെയരികില്‍ കടല്‍കാറ്റേറ്റു ജീവിക്കുന്നു അറുമുഖനും ഭാര്യയും.മദ്യപന്റെ ഭാര്യയായി തന്റെ ദുര്‍വിധിയെ പഴിച്ചു ജീവിക്കുന്ന അറുമുഖത്തിന്റെ ഭാര്യക്ക് ജീവിതത്തെകുറിച്ച് പ്രത്യാശ നല്‍കുന്നത് യുവാവുമായുള്ള സംസാരം മാത്രമാണ്. ഏക സമ്പാദ്യമായ രോമപ്പുതപ്പ് തന്റെ ഓര്‍മയ്ക്ക് വേണ്ടി യുവാവിനു ദാനം ചെയ്തതിനെ ചോദ്യം ചെയ്യുന്ന അറുമുഖത്തിനു പുഞ്ചിരിയോട്‌ കൂടി അവള്‍ കൊടുക്കുന്ന ന്യായീകരണം അയാള്‍ എന്നോടു സംഗീതത്തെ പറ്റി സംസാരിച്ചു എന്നതാണ്.
സ്ത്രീയുടെ അസ്വസ്ഥമായ മനസ്സാണ് ഈ കഥയുടെ പ്രമേയം. ചുഴികളും അഗാധഗര്‍ത്തങ്ങളും ഉള്ളിലൊളിപ്പിച്ച വിക്ഷുബ്ധമായൊരു കടലാണ് ഇതിലെ നായികയുടെ ഉള്ളിലുള്ളത് .സംഗീതം ആസ്വദിച്ചിരുന്ന, ബാല്യം മുതലേ അനുഭവിച്ചിരുന്ന, രാവിലെ പാട്ടുകേട്ട് കൊണ്ട് ഉണര്‍ന്നിരുന്ന ആ സ്ത്രീയുടെ ജീവിതം മദ്യപനായ ഭര്‍ത്താവിന്റെ ജോലിയിലുള്ള വീഴ്ച മൂലം താറുമാറായി തീരുന്നു.കിടക്കാനിടവും വീട്ടു സാമഗ്രികളുമില്ലാതെ ഹോട്ടലുടമകള്‍ സൌജന്യമായി നല്‍കുന്ന പഴകിയ ഭക്ഷണ സാധനങ്ങള്‍ കഴിച്ചു കൊണ്ട് കടല്‍ത്തീരത്ത് കിടന്നുറങ്ങേണ്ടി വരുന്നു.കടലിന്റെ വക്കത്തൊരു വീട് എന്നാണ് കഥയുടെ പേരെങ്കിലും ഇവിടെ അവര്‍ക്ക് താമസിക്കാന്‍ വീട് എന്നൊന്നില്ല. വീണ്ടും വീണ്ടും തിരിച്ചെത്തുവാന്‍ പ്രേരിപ്പിക്കുന്നിടത്തെയാണ് നാം വീടെന്നു പറയുന്നതെങ്കിലും അറുമുഖത്തിന്റെ ഭാര്യയ്ക്ക് വീട് ഒരു സ്വപ്നം മാത്രമാണ്.അശാന്തിയും മോഹഭംഗങ്ങളും നിറഞ്ഞ അവളുടെ മനസ്സിനകത്തും പുറത്തുമിരംബുന്നത് ഒരേകടല്‍ തന്നെയാണ് .തന്റെ വാക്കുകള്‍ കേള്‍ക്കുവാനോ അഭിരുചികള്‍ മനസ്സിലാക്കുവാനോ ശ്രമിക്കാത്ത ;സ്വാര്‍ത്ഥതയും അധികാരഭാവവും ധാര്‍ഷ്ട്യവും മാത്രം കൈമുതലായ അന്തര്‍മുഖനായ ഭര്‍ത്താവിനേക്കാള്‍ അവളെ മനസ്സിലാക്കുന്നതും അംഗീകരിക്കുന്നതും തെരുവുഗായകനായ യുവാവ് മാത്രമാണ് .കറുത്തചേല ധരിച്ച അവളെ ഗൃഹലക്ഷ്മിയായി കാണുന്നതും ആയയുടെ ജോലി ചെയ്തു ജീവിക്കാന്‍ പ്രതീക്ഷയും പ്രോത്സാഹനവും കൊടുക്കുന്നതും അയാളാണ് .
ദുഖത്തിലും, ദാരിദ്ര്യത്തിലും ശുഭ പ്രതീക്ഷ കൈ വെടിയാതെ ജീവിക്കാന്‍ അവളെ പ്രേരിപ്പിച്ച യുവാവിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. "കടലിന്റെ വക്കത്തു പാര്‍ക്കുവാനും ഭാഗ്യം വേണം .രാത്രിയില്‍ കടലിന്റെ പാട്ടും കേട്ട് നക്ഷത്രങ്ങളെയും നോക്കി കൊണ്ട് മലര്‍ന്നു കിടക്കാനുള്ള ഭാഗ്യം നിങ്ങള്‍ക്കില്ലേ .."വെറും മൂന്നു കഥാപാത്രങ്ങളിലൂടെ ലളിതമായ അവതരണത്തിലൂടെ ധ്വന്യാത്മകമായി സ്ത്രീ മനസ്സിന്റെ നിഗൂഡ ഭാവങ്ങള്‍ അനാവരണം ചെയ്യുകയാണ് മാധവിക്കുട്ടി ഈ കഥയിലൂടെ ചെയ്യുന്നത് .
... പക്ഷെ; നമ്മുടെ കുട്ടികള്‍ മനസ്സിലാക്കേണ്ടത് അറുമുഖത്തിന്റെ ഭാര്യയുടെ ഉദാരമായ ദാന ശീലത്തെകുറിച്ചും യുവാവിനു ജീവിതത്തോടുള്ള പ്രസാദാത്മക സമീപനത്തെ കുറിച്ചും മാത്രമാകണം എന്നാണു മുകളില്‍ നിന്നും വശങ്ങളില്‍ നിന്നും കിട്ടിയ നിര്‍ദ്ദേശങ്ങള്‍. കപടസദാചാരത്തിന്റെ വക്താക്കളായ ആധുനിക മലയാളിയുടെ സ്വരമാണ് നമ്മുടെ D R G ട്രൈ നിങ്ങുകളിലും ക്ലെസ്റ്റര്‍ യോഗങ്ങളിലും മുഴങ്ങി കേട്ടത്.അറുമുഖത്തിന്റെ ഭാര്യ തന്റെ ചെറിയ ഭാണ്‌ഡത്തില്‍ നിന്നും ഭര്‍ത്താവിന്റെ സമ്മതം ആരായാതെ കൊടുത്ത അറ്റം പിഞ്ഞിയതെങ്കിലും കട്ടിയുള്ള ആ പുതപ്പ് താറുമാറായ ജീവിതത്തിലും ദൃഡമായിരിക്കുന്ന അവളുടെയുള്ളിലെ പ്രണയമാണെന്ന് കുട്ടികളോട് പറയുകയോ അവര്‍ പറഞ്ഞാല്‍ തന്നെ അംഗീകരിച്ചു കൊടുക്കയോ ചെയ്യരുതത്രെ ! പകരം അവരുടെ ചിന്തകളെ ദാനശീലമെന്ന സല്‍പ്രവര്‍ത്തിയിലൂടെ വഴി തിരിച്ചു വിടണമത്രെ!. അങ്ങിനെയാണെങ്കില്‍ വേറെന്തെല്ലാം പുരാണ കഥകള്‍ പകരമായി കുട്ടികള്‍ക്ക് നല്‍കാമായിരുന്നു..? ബാല്യത്തിന്റെ ജിജ്ഞാസകളെ തൃപ്തി പ്പെടുത്തുന്ന സാരോപദേശ കഥകള്‍ വേണ്ടുവോളമുണ്ടല്ലോ നമ്മുടെ പൌരാണിക ഭാണ്‌ഡങ്ങളില്‍ !കൌമാര പ്രായക്കാരായ കുട്ടികള്‍ പ്രണയമെന്ന വാക്ക് കേട്ടാല്‍ വഴി തെറ്റി പോകുമെന്ന് ഭയക്കുന്ന നാമെങ്ങിനെ ഒമ്പതാം ക്ലാസ്സില്‍ ശാകുന്തളവും ഗാന്ധര്‍വ വിവാഹവും പഠിപ്പിക്കും..?
മാംസനിബദ്ധമല്ലാത്ത രാഗത്തെ കുറിച്ച് പാടിയ കുമാരനാശാനെ നമുക്കു വാനോളമുയര്‍ത്താം .നളിനിയെയും ലീലയെയും വാസവദത്തയെയുമൊക്കെ വനിതാരത്നങ്ങളായി അവരോധിക്കാം .
പക്ഷെ ; സ്ത്രീ കഥാപാത്രം മാധവിക്കുട്ടിയുടെതാണെങ്കില്‍ പ്രശ്നമായി .ദുര്‍ഗ്രഹതയില്ലാത്ത ഏതു കഥയും 'എന്റെ കഥ ' മുതലേ ബന്ധിപ്പിച്ചു നമ്മള്‍ അര്‍തഥാന്തരങ്ങള്‍ തിരയുന്നു.കാമവും പ്രണയവും പരസ്പര പൂരകമായി വര്‍ത്തിക്കുന്ന കഥകളിലൂടെ , കവിതകളിലൂടെ നമ്മള്‍ 'കടലിന്റെ വക്കത്തെ വീടി'നെ സമീപിക്കുന്നു.എന്നിട്ടൊടുവില്‍ പറയുന്നു 'നമ്മടെ കുട്ടികള്‍ ഈ കഥയിലൂടെ ഉദാരമായ ദാനശീലത്തെകുറിച്ച് പഠിക്കട്ടെ. അവര്‍ ശിഥിലമാകുന്ന കുടുംബബന്ധങ്ങളെ കുറിച്ചോ മാംസനിബദ്ധമല്ലാത്ത രാഗത്തെ കുറിച്ചോ പഠിക്കേണ്ടതില്ല '
"എന്റെ ഓര്‍മ്മയ്ക്ക്‌ ഇത് കൈയ്യിലിരിക്കട്ടെ" എന്നുള്ള യുവാവിനോടുള്ള അവസാന (?) വാചകവും തന്നെ ചോദ്യം ചെയ്ത ഭര്‍ത്താവിനോടുള്ള ' പുഞ്ചിരിയോടുകൂടിയുള്ള ' മറുപടിയും അവഗണിച്ചു നമുക്ക് അറുമുഖത്തെപോലെയാകാം.. 'രണ്ടാന്തരം ഭക്ഷണശാല യാചകര്‍ക്ക് സൌജന്യമായി വിതരണം ചെയ്യുന്ന പഴകിയ ഭക്ഷണസാ ധനങ്ങള്‍ സമ്പാദിച്ച് ' അയാള്‍ ഭാര്യക്ക് കൊണ്ട് പോയി കൊടുക്കുന്ന പോലെ ശാക്തീകരണ പ്രഹസനങ്ങളില്‍ നിന്ന് പ്രബുദ്ധരായി നമുക്ക് ക്ലാസ്സ്‌ മുറികളിലേക്ക് മടങ്ങാം.
ലേഖനം പ്രിന്റെടുക്കാം
സാബിദ മുഹമ്മദ്‌ റാഫി,
അദ്ധ്യാപിക,
ജി.വി.എച്ച്.എസ്. എസ്. വലപ്പാട്,
തൃശൂര്‍