കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
രചനകള്‍ അയയ്ക്കുക entemalaya@gmail.com

ഈ കഥാ വായനയില്‍ നാം നോക്കുന്നത് എന്തെല്ലാം ?

ഉപകാരമില്ലാത്തവനാണെങ്കിലും ഭര്‍ത്താവായിരിക്കുന്നത് വളരെ ഇഷ്ടമുള്ള ഒരു വ്യക്തിയായിരുന്നു അറുമുഖം. അങ്ങനെ അറുമുഖം വീടിനെക്കുറിച്ചുള്ള പൊതുവായ സമൂഹകാഴ്ചപ്പാടിന്റെ പ്രതിനിധിയാണ്. അയാള്‍ക്കു വേണ്ടത് ഭാര്യയുടെ മേല്‍, സമൂഹം അനുവദിച്ച ആധിപത്യങ്ങളാണ്.
സ്ത്രീയാകട്ടെ കടലിന്റെ ആഴത്തോളം സങ്കടലായ് അലയുന്നവളും. കടലിന്റെ വക്കത്തുള്ള മണ്ണിലെ വിരിപ്പില്‍ ഭര്‍ത്താവിനു ഭക്ഷണം നല്‍കി ചുമരില്ലെങ്കിലും ഒരു വീടായി കഴിയുന്നവള്‍..... .( കഥാവസാനത്തില്‍ അവളുടെ മേല്‍ക്കൂര വിശാലമാകുന്നു.....)
സാധ്യതകള്‍ നല്‍കുന്ന കഥ...... ഈ രചന സ്ക്കൂളിന്റെ വക്കത്തുള്ള ചായക്കടയില്‍ ഞങ്ങളിരുന്ന് സംസാരിച്ചപ്പോള്‍ ഉണ്ടായത് . കടല്‍ത്തീരത്ത് ജീവിതത്തിന് അര്‍ത്ഥമുണ്ടാകുന്നത്.................
കടല്‍ കരിമേഘത്തിന് പകരമല്ല. വിങ്ങിക്കെട്ടിയ വികാരങ്ങള്‍ പെയ്തൊഴിയുന്ന മഴയുടെ കരിമേഘത്തിനു കഴിയാത്ത ഭാവരസങ്ങള്‍ കടലിനുണ്ട്. കടലിന്റെ വക്കത്ത് വെറും തറയില്‍ വിരിച്ച ഒരു വീട്ടില്‍ ആഴങ്ങളില്‍ കര തേടുന്ന അലയുടെ അടങ്ങാത്ത ദാഹവും പ്രതീക്ഷകളും സീല്‍ക്കാരവും കാണാം.
കുടുംബം എന്ന വ്യവസ്ഥിതിയെ എസ്റ്റാബ്ലിഷാക്കുന്നതാരാണ് ?
ഈ കഥയില്‍ അറുമുഖനാണ് അത് ചെയ്യുന്നത്. സമൂഹത്തിലെ മേധാവിത്വങ്ങള്‍ പുരുഷന് നല്‍കിയ വലിയ അവകാശങ്ങള്‍ നേടിയെടുക്കുവാന്‍ വ്യാമോഹിക്കുന്നവനാണ് അറുമുഖന്‍ . ഞാന്‍ ഒരു ഭര്‍ത്താവാണ് എന്നതിന് അര്‍ത്ഥം സ്വയം വരുത്തി വെച്ച വിനകളേയെല്ലാം ഭാര്യ പൊറുത്ത് ഗൃഹനാഥന്റെ മേല്‍സ്ഥാനം തനിയ്ക്ക് എപ്പോഴും അര്‍ഹതപ്പെട്ടതാണെന്ന പുരുഷന്റെ മിഥ്യാധാരണയാണ്.
ആകെയുള്ള സമ്പാദ്യമായ പുതപ്പ് കൊടുത്തപ്പോഴും തന്റെ തലയില്‍ തോണ്ടിയപ്പോഴും അറുമുഖനിലെ ഭര്‍ത്താവിന്റെ അധികാരം അന്ധമാകുന്നു.
അറുമുഖന്റെ ഭാര്യ കടലിന്റെ ആഴം മനസ്സിലുള്ളവള്‍ . വഴിയാത്രക്കാരന് ഗൃഹലക്ഷ്മിയും മഹാലക്ഷ്മിയുമായ ഈ സ്ത്രീ ഭര്‍ത്താവായ അറുമുഖന്‍ എത്താത്ത ഉയര്‍ന്ന മാനസിക മേഖലയില്‍ നില്‍ക്കുന്നു.
ഈ സ്തീയുടെ...... അറുമുഖന്റെ കൂടെയുള്ള ജീവിതത്തില്‍ ഈ സ്ത്രീ കൊതിക്കുന്നതും സ്വപ്നം കാണുന്നതുമെല്ലാം ഒരു വീടുണ്ടാകുന്ന നല്ല കാലമാണ്. ആയയുടെ പണി അവള്‍ ഇഷ്ടപ്പെടുന്നത് സുരക്ഷിതത്വവും മാന്യതയും ആഗ്രഹിക്കുന്നതുകൊണ്ടായിരിയ്ക്കാം.
പക്ഷേ ഇതിനെല്ലാം അപ്പുറത്താണ് സംഗീതം കഥയുടെ ഭാവമര്‍ദ്ദമായി വരുന്നത്. മാധവിക്കുട്ടിയുടെ ചെറുകഥകളുടെ തനതുമുദ്രയായ ഭാവരസങ്ങളുടെ നിഗൂഢരസം ഈ കഥയ്ക്കു നല്‍കുന്നതും അനിതര സാധാരണമായ ഭംഗിയാണ്.
നല്ല നിലയില്‍ ജീവിച്ചിരുന്ന സ്തീ ഇന്ന് കടലിന്റെ വക്കത്ത് വസിക്കുന്നു. മനുഷ്യര്‍ വസിക്കുന്നതിന്റെ ഏറ്റവും അറ്റത്തുള്ള , മനുഷ്യവാസത്തിന്റെ അതിരിനപ്പുറത്തുള്ള പുറമ്പോക്കിലെ വെറും പൂഴിപ്പരപ്പില്‍ അവള്‍ വസിക്കുന്നു. പാട്ട് കേട്ട് ഉണര്‍ന്നിരുന്നത് വലിയ ഭാഗ്യമാണെന്ന് പറയുന്നതില്‍ അറുമുഖന് മുഷിപ്പ് തോന്നുന്നത് ആ ദാമ്പത്യത്തിന്റെ അവതാളത്തെ കാണിക്കുന്നു. അറുമുഖന് തന്റെ ഭാര്യയെ ഇനിയും ഉള്‍ക്കൊള്ളുവാന്‍ കഴിഞ്ഞിട്ടില്ല. തന്റെതായ പലതും നഷ്ടപ്പെട്ട ഈ സ്തീയ്ക്ക് ഉള്ളില്‍ തളിരിടുന്ന സംഗീതം കണ്ടെത്തുവാന്‍ കഴിയുന്നു. കട‌ലിന്റെ പാട്ട് കേട്ട് മലര്‍ന്നു കിടക്കുന്നതിലെ ഭാഗ്യം അവളിലെ ദുഃഖ മൂകതയെ മാറ്റുന്നു. വാക്കിനോ അര്‍ത്ഥങ്ങള്‍ക്കോ ഭാഷക്കോ ശരീരത്തിനോ അതിര്‍ത്തി തീര്‍ക്കാത്ത സംഗീതം ആ സ്തീയെ സന്തോഷിപ്പിയ്ക്കുന്നു.
തനിയ്ക്ക് ജോലി സംഘടിപ്പിച്ചു നല്‍കുവാന്‍ ശ്രമിക്കുമെന്നു പറഞ്ഞ യുവാവ് അവള്‍ക്ക് നല്‍കിയത് ?
അവരെ ഒന്നിപ്പിച്ച ആ പുതപ്പായിരുന്നു. ആ അറുമുഖനോടൊത്തുള്ള ജീവിതത്തിന്റെ സ്വകാര്യതയും സ്നേഹത്തിന്റെ ചുടു നിശ്വാസവുമാണ് ആ ഗൃഹലക്ഷ്മി വഴിയാത്രക്കാരനായ യുവാവിനു നല്‍കിയത്. ആ പുതപ്പാണ് കടലിന്റെ വക്കത്തുള്ള അവരുടെ വീട്. വീടെന്നത് ചുമരുകള്‍ക്കുള്ളിലെ ഒന്നിക്കലല്ല. സ്നേഹിക്കുന്ന ദാമ്പത്യത്തിന്റെ ഒരുമിക്കലാണ് . അതിനാല്‍ വഴിയില്‍ വിരിച്ച ആ വീട് അവരുടെ ഏകസമ്പാദ്യമായ പുതപ്പായിരുന്നു.
പുതപ്പ് നല്‍കിയത് നമ്മെ ഉലക്കുന്ന അനുഭവമാണോ ?
വര്‍ഷങ്ങളോളം സ്തീയെ കുറിച്ച് പഠിച്ച ഫ്രോയ്ഡ് പറയുന്നു. " ഒരു സ്തീ എന്താണ് ആഗ്രഹിക്കുന്നതെന്ന് സത്യത്തില്‍ എനിക്കിപ്പോഴും മനസ്സിലായിട്ടില്ല." അറുമുഖന്റെ ഭാര്യയുടെ മനസ്സില്‍ ഭര്‍ത്താവിനോടുള്ള അസംതൃപ്തി കണ്ടെത്തുവാന്‍ എന്തിനു ഉഷ്ണിക്കണം ? അത് ഈ കഥയുടെ ഭാവങ്ങളെ ഇല്ലാതാക്കുന്നു.
പുരുഷന്റെ മനസ്സ് സമുഹത്തിന്റെ ഒരുക്കി വച്ച സ്ഥാപനങ്ങളുമായി നിരന്തരം ബന്ധിക്കപ്പെട്ടതിനാല്‍ എപ്പോഴും അധികാരം ,മേധാവിത്വം , വീരത്വം , കാരുണ്യം എന്നീ വ്യവസ്ഥാപിത ഭാവങ്ങളെ മാത്രം പ്രകാശിയ്ക്കുന്നു. സ്തീ അതല്ല, അവള്‍ എന്താണ് എന്ന ചോദിച്ചാല്‍ ആര്‍ക്കും അറിയില്ല. നളചരിതത്തില്‍ ദമയന്തിയുടെ മനമറിയാന്‍ ഹംസം ശ്രമിയ്ക്കുന്നതിലെ വൃത്താന്തത്തില്‍ സ്ത്രീ മനസ്സിന്റെ ആഴം അറിയുന്നതിനുള്ള ഈ അന്വേഷണ ത്വര പണ്ടേയുണ്ട് എന്ന് അറിയാം.
ഇത് പ്രിന്റാക്കാം....ഇവിടെ ക്ലിക്കാം ഫിലിപ്പ് . പി. കെ , റോയ്. പി . ആര്‍